‘ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ’; ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്..

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെ ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്. മലപ്പട്ടത്ത് ഇനിയും ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ മെനക്കെടണ്ട എന്നാണ് പി വി ഗോപിനാഥിന്റെ ഭീഷണി. മലപ്പട്ടത്ത് ഇന്നലെ സിപിഐഎം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി പ്രസംഗം. ‘സനീഷിനോട് സ്‌നേഹത്തോടെ പറയാനുളളത് ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട എന്നാണ്. അടുവാപ്പുറത്തെ നിന്റെ വീട്ടിന്റെ മുന്നിലായിക്കോട്ടെ നിന്റെ അടുക്കളയിലായിക്കോട്ടെ ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ നീ മെനക്കെടേണ്ട. നല്ലതുപോലെ ആലോചിച്ചോ’- എന്നാണ് പി വി ഗോപിനാഥ് പറഞ്ഞത്. കഴിഞ്ഞയാഴ്ച്ച മലപ്പട്ടത്ത് സിപിഐഎം പ്രവർത്തകർ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധിസ്തൂപം തകര്‍ക്കുകയും ചെയ്തിരുന്നു.

തുടർന്ന് ബുധനാഴ്ച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥയിലും സമ്മേളനത്തിലും സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘർഷമുണ്ടായി.