മാസപ്പടി കേസിൽ വീണ അടക്കമുള്ള പ്രതികളുടെ മൊഴിയും തെളിവുകളും വേണം ; കോടതിയെ സമീപിച്ച് ഇ ഡി

കൊച്ചി ; സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ അന്വേഷണം വേഗത്തിലാക്കി ഇ ഡി. വീണ വിജയൻ അടക്കമുള്ള പ്രതികളുടെ
മൊഴി ആവശ്യപ്പെട്ട് ഇ ഡി എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. വീണാ വിജയൻ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയടക്കം 8 വ്യക്‌തികളും 5 സ്‌ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നൽകണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ഡി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് നേരത്തെ എറണാകുളം അഡീഷനൽ സെഷൻസ് കോടതി, എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ നിർദേശം നൽകിയിരുന്നു. എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നൽകിയത്.

യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും എക്സ‌സാലോജിക് കമ്പനിയും സിഎംആർഎലിൽ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു എസ്എഫ്ഐഒയുടെ കണ്ടെത്തൽ. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകൾ കുറ്റാരോപിതർക്കെതിരെ നിലനിൽക്കുമെന്ന് കണ്ടെത്തി ഈ കുറ്റപത്രം കോടതി അംഗീകരിച്ചതോടെയാണ് പകർപ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വർഷം മുൻപ് മാസപ്പടിക്കേസില്‍ ഇഡി കേസെടുത്തിരുന്നെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്‌തതയില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു.
ഇനി കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരിക്കുന്ന മൊഴികൾ ലഭിക്കുന്നതോടെ തെളിവുകളടക്കം പരിശോധിച്ച ശേഷം ഇഡി തുടർനടപടികളും വേഗത്തിലാക്കും