ഹൈസ്കൂളില്‍ നടത്തിയ തിരച്ചിലില്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് കോണ്ടമടക്കമുള്ള വസ്തുക്കള്‍. നാസിക്കിലെ ഘോട്ടിയിൽ എഴു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗുകളാണ് പരിശോധിച്ചത്. മൂർച്ചയുള്ള കത്തികൾ, സൈക്കിൾ ചെയിനുകൾ, കോണ്ടം പാക്കറ്റുകൾ, ലെറ്റർ ബോക്സുകൾ, ലഹരി വസ്തുക്കള്‍ എന്നിവയാണ് അപ്രതീക്ഷിത പരിശോധനയില്‍ കണ്ടെത്തിയത്.വിവിധ ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്.
ചില വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളിലെ കുറ്റകൃത്യ പ്രവണതകൾ തടയാന്‍ എല്ലാ ദിവസവും ബാഗുകള്‍ പരിശോധിക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ സ്കൂളിന്‍റെ നടപടിയെ രക്ഷിതാക്കള്‍ പിന്തുണച്ചു. പ്രിന്‍സിപ്പാളിന്‍റെയും അധ്യാപകരുടെയും നടപടി ശരിയാണെന്നും കുട്ടികള്‍ വഴി തെറ്റാന്‍ സാധ്യതയുള്ള പ്രായമാണിതെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.