ലഹരി കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു ; കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നാണ് ഷൈനും മോഡലുകളും പിടിയിലായത്

കൊച്ചി ; ലഹരി ഉപയോഗിച്ചെന്ന കേസില്‍ നടൻ ഷൈൻ ടോം ചാക്കോയടക്കം 5 പേരെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. നടനും സംഘവും
കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്. എക്‌സൈസിന് കേസ് ശാസ്ത്രീയമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയുടെ നടപടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കയ്ന്‍ ലഹരി കേസാണിത്

2015 ജനുവരി 30ന് ആയിരുന്നു കേസിന് ആസ്‍‌പദമായ സംഭവം നടന്നത്. കടവന്ത്രയിലെ ഫ്ളാറ്റില്‍ മൂന്നാം പ്രതി ഷൈനും മോഡലുകളായ നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയില്ല.
ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി, ബംഗളൂര്‍ സ്വദേശി ബ്ലെസി സില്‍വസ്റ്റര്‍, കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു, കോട്ടയം സ്വദേശി സ്‌നേഹ ബാബു എന്നിവരെയും കോടതി വെറുതെ വിട്ടു
പ്രതികള്‍ക്ക് വേണ്ടി അഡ്വ രാമന്‍ പിള്ള,
കെ ആര്‍ വിനോദ് , ടി ഡി റോബിന്‍, പി.ജെ പോള്‍സണ്‍, മുഹമ്മദ് സബ തുടങ്ങിയവര്‍ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജ് ജോസഫും ഹാജരായി