മുറിയിൽ കുരുക്കിട്ട കയർ, പുലർച്ചെ തീപ്പിടുത്തം, മൊഴികളിൽ വൈരുദ്ധ്യം 2 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സർവ്വത്ര ദുരൂഹത

തിരുവനന്തപുരം; ബാലരാമപുരത്ത് 2 വയസുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. വീട്ടുകാര്‍ നല്‍കിയത് പരസ്പര ബന്ധമില്ലാത്ത മൊഴിയാണെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയാണ് മരിച്ചത്

ശ്രീതുവിൻ്റെ അച്ഛൻ 16 ദിവസം മുൻപാണ് മരിച്ചത്. അതിന്‍റെ ചടങ്ങ് ഇന്ന് നടക്കാനിരുന്നതാണ്. രണ്ട് ദിവസം മുൻപ് വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴി നല്‍കിയതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. അതിനിടെ വീട്ടുകാര്‍ക്ക് 30 ലക്ഷത്തോളം കടമുണ്ടെന്നും വിവരമുണ്ട് . വളരെ ദരിദ്ര ചുറ്റുപാടാണ് കുടുംബത്തിന്‍റെത്. ഇവര്‍ വാടകക്കാണ് താമസിക്കുന്നത്.  വീട്ടിലെ മുറിയില്‍ ബലമില്ലാത്ത കയറില്‍ തീര്‍ത്ത കുരുക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇന്ന് പുലർച്ചെ ഇവരുടെ വീട്ടിൽ തീപിടിത്തമുണ്ടായെന്നും പറയുന്നു. ശ്രീതുവിൻ്റെ സഹോദരൻ്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മുത്തശി നേരത്തെ ഞരമ്പ് മുറിച്ചും കിണറ്റിൽ ചാടിയും രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു ശ്രീതുവും ശ്രീജിത്തും അകന്നു കഴിയുകയായിരുന്നുവെന്നും ശ്രീതുവിൻ്റെ അച്ഛൻ്റെ മരണത്തെ തുടർന്നാണ് ശ്രീജിത്ത് ഈ വീട്ടിലേക്ക് വന്നതെന്നുമാണ് വിവരം.

തൻ്റെ സഹോദരൻ്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്നും പുലർച്ചെ അഞ്ചരയോടെ താൻ ശുചിമുറിയിലേക്ക് പോയപ്പോൾ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെന്നുമാണ് ശ്രീതു ആദ്യം പൊലീസിനോട് പറഞ്ഞത്.കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്ന് പിന്നീട് ശ്രീതു മൊഴി മാറ്റി. പുലർച്ചെ എഴുന്നേറ്റപ്പോൾ അച്ഛൻറെ കൂടെ കിടത്തിയതിനു ശേഷം താൻ എഴുന്നേറ്റുപോയെന്നും തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ മൊഴിയിൽ പറയുന്നു. എന്നാൽ കുഞ്ഞ് തന്റെ കൂടെയല്ല കിടന്നതെന്നാണ് അച്ഛൻ മൊഴി നൽകിയത് അമ്മാവൻറെ കൂടെയാണ് കുഞ്ഞ് കിടന്നതെന്നും അച്ഛൻറെ മൊഴിയിൽ ആരോപിക്കുന്നു. ഇക്കാര്യം അമ്മാവൻ നിഷേധിച്ചു. കട്ടിൽ കത്തിയപ്പോഴാണ് എഴുന്നേറ്റതെന്നും എങ്ങനെ കത്തിയെന്ന് അറിയില്ലെന്നുമാണ് അമ്മാവൻ്റെ മൊഴി. കുഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് കിടന്നത് എന്ന് മുത്തശ്ശിയും പറയുന്നു