അർധ നഗ്നയായി കഴുത്തിൽ കയറുമായി 19 കാരിയെ കണ്ടത്തിയ സംഭവം; മകളെ ആൺ സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നതായി അമ്മ

എറണാകുളം; ചോറ്റാനിക്കരയില്‍ 19കാരിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തിൽ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളെ ആൺ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ വീണ് മുറിഞ്ഞതാണെന്നാണ് പറഞ്ഞത്. ഈ ബന്ധം അവസാനിപ്പിക്കാൻ മകളോട് പല തവണ പറഞ്ഞു. പല തവണ വിലക്കിയിട്ടും ആൺ സുഹൃത്ത് വീട്ടിൽ എത്തിയെന്നും അമ്മ പറഞ്ഞു. കസ്റ്റഡിയിലെടുത്ത തലയോലപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടിൽ പൊലീസ്, ഫോറൻസിക് സംഘവും പരിശോധന നടത്തി. പ്രതി വീട്ടിലെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ള യുവാവ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം എന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടി പോക്സോ കേസിലെ അതിജീവിതയാണ്. കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു പെണ്‍കുട്ടി. കൈ മുറിഞ്ഞ് ഉറുമ്പ് അരിക്കുന്നുണ്ടായിരുന്നു. അര്‍ധ നഗ്നയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് എന്നത് കൊണ്ട് പീഡന ശ്രമവും പൊലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുറച്ചു നാളുകളായി അച്ഛനും അമ്മയും പെണ്‍കുട്ടിക്കൊപ്പമല്ല താമസം.
അവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി ദത്തു പുത്രിയാണെന്നാണ് അറിയുന്നത് പുലര്‍ച്ചെ നാല് മണിയോടെ പെണ്‍കുട്ടി തന്റെ മര്‍ദ്ദനത്തില്‍ മരിച്ചു എന്ന് കരുതി യുവാവ് ഇവിടെ നിന്നും പോയി. ഞായറാഴ്ച ഉച്ചക്ക് ബന്ധു വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ സോഫയില്‍ അബോധാവസ്ഥയില്‍ കണ്ടത്

അതിനിടെ സംഭവത്തിൽ പ്രതികരണവുമായി അയൽവാസികൾ
രം​ഗത്തെത്തി. പെൺകുട്ടി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ഒരാഴ്ച മുൻപ് കൈ ഞരമ്പ് മുറിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് നേരത്തെയും ഈ വീട്ടിൽ എത്തിയിരുന്നു. അന്ന് നാട്ടുകാരുമായി തർക്കം ഉണ്ടായതായും യുവാവിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും അയൽക്കാർ പറയുന്നു