രാധയുടെ വസ്ത്രവും കമ്മലും കടുവയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു ; കടുവയുടെ മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകൾ

വയനാട്ടിലെ നരഭോജി കടുവയുടെ മരണ കാരണം കഴുത്തിലുണ്ടായ 4 മുറിവുകള്‍ ആണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം.
ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവാണിതെന്നാണ്
കരുതുന്നത്. മുറിവുകൾ മരണ കാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറ‍ഞ്ഞു

അതിനിടെ കടുവ കടിച്ചു കൊന്ന രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ പോസ്റ്റുമോര്‍ട്ടത്തില്‍ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വെച്ച് ഇഴിഞ്ഞ 24 ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍
രാധ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു

കടുവയ്ക്ക് വേണ്ടിയുള്ള വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാത്രി 12.30 ഓടെ അവശ നിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്ന് ചെന്നപ്പോഴാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.