വധശിക്ഷ കാത്ത് 40 പേര്‍ 2 സ്ത്രീകള്‍; ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഗ്രീഷ്മ

ഗ്രീഷ്മ ഉള്‍പ്പെടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്ന പ്രതികളുടെ എണ്ണം 40 ആയി.
കേരളത്തിൽ വധശിക്ഷ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ച വനിത. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് ശാന്തകുമാരിയെ റഫീക്ക ബിവി കൊലപ്പെടുത്തിയത്. കൂട്ടു പ്രതികളായ അല്‍ അമീന്‍, റഫീക്കയുടെ മകന്‍ ഷെഫീക്ക് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ തന്നെയാണ് ഈ രണ്ട് കേസുകളിലും ശിക്ഷ വിധിച്ചത് എന്നതാണ് ശ്രദ്ധേയം.

സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലായിരുന്നു. 15 പേർക്കാണ് ഈ കേസിൽ വധശിക്ഷ വിധിച്ചത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും വധ ശിക്ഷ കാത്ത് കഴിയുന്നവരുടെ പട്ടികയിലുണ്ട്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലക്കേസ് പ്രതി എ.എസ്.ഐ
ജിതകുമാറാണ് ഈ പ്രതി. ഇതേ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാര്‍ ജയില്‍ വാസത്തിനിടെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. പെരുമ്പാവൂരിൽ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ചു കൊന്ന അമീറുൽ ഇസ്ലാമും വധശിക്ഷ കാത്ത് ജയിലിലുണ്ട്.

അതേ സമയം വധ ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വമാണ്. 34 കൊല്ലം മുന്‍പ് 1991ല്‍ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. പൂജപ്പുരയില്‍ അവസാനം കഴുവേറ്റിയത് 1974ല്‍ കളിയാക്കിവിള സ്വദേശി അഴകേശനേയാണ്. തിരുവനന്തപുരത്തും കണ്ണൂരുമാണ് സെൻട്രൽ ജയിലുകളിൽ കഴുമരമുളളത്.