ആശുപത്രി ശുചിമുറിയിൽ വെച്ചും 4 പേർ ബലാൽസംഗം ചെയ്തു ; പത്തനംതിട്ട കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി

 

പത്തനംതിട്ട; ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടിയെ 4 പേര്‍ കൂട്ട ബലാത്സംഗം ചെയ്തെന്ന് എഫ്‌ഐആറില്‍. പ്രതികളില്‍ ഒരാളുടെ ബന്ധു ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവരെ കാണാന്‍ എന്ന വ്യാജേനെ എത്തിച്ച് പെണ്‍കുട്ടിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.

അതിനിടെ പെണ്‍കുട്ടിയെകൂട്ട മാനഭംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ഇന്ന് 11 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇലന്തട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 9 പേരാണ് ഇവിടെ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട് 58 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലര്‍ വിദേശത്താണ്. ഇവരെ തിരികെയെത്തിച്ച് നടപടി സ്വീകരിക്കും. ആകെ 29 എഫ്‌ഐആറാണ് സംഭവത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിട്ടുള്ള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണ്