പെരിയ ഇരട്ടക്കൊലക്കേസിൽ CPMന് തിരിച്ചടി ; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെ വി കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്

കൊച്ചി ; ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.
മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 6 വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷം കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് പ്രമാദമായ കേസല്‍ വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊന്നത്

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം പിഴയും വിധിച്ചത്.
പിഴ തുക കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റേയും കുടുംബത്തിന് കൈമാറണം

സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസില്‍ 10 പ്രതികളെ കോടതി കുറ്റ വിമുക്തരാക്കുകയും ചെയ്തു. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്.
പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടു
പോയെന്ന കുറ്റമാണ് ചുമത്തിയത്.
വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നും മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ കോടതിയില്‍ അഭ്യർത്ഥിച്ചിരുന്നു