
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ദിവ്യ ഉണ്ണിയുട് നൃത്ത പരിപാടിയിലെ പണപ്പിരിവില്‍ പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദിവ്യ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ, മൃദംഗ വിഷന്റെ എം ഡി നിഗോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൾ വഹീം തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾക്ക് നർത്തകരെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നെന്നും 12000ത്തോളം പേരില്‍ നിന്ന് ഭീമമായ തുക വാങ്ങിയെന്നും എഫ്ഐആറിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരും പ്രതികളായേക്കും. നൃത്ത അധ്യാപകർ വഴിയായിരുന്നു പണപ്പിരിവ്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാര്‍ക്കെതിരെ നടപടി എടുക്കുക.

അതിനിടെ സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കുമെന്നാണ് വിവരം. സിജോയ് വർഗീസിന് പണം കൈമാറിയിട്ടുണ്ടോ എന്നും പരിശോധിക്കും. ഗിന്നസ് പരിപാടിയുമായി സഹകരിച്ച സിനിമ സീരിയൽ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കും. കൂടാതെ
സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരുടെ മൊഴിയെടുക്കുന്നത് സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു


