ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു; അസാധാരണ നീക്കവുമായി എൻ പ്രശാന്ത്, 5 ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോര് അസാധാരണമായ തലത്തിലേക്ക് എത്തി നിൽക്കുകയാണ്.
അച്ചടക്ക ലംഘനത്തിന് തനിക്ക് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്പെന്‍ഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. അഞ്ച് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് കത്ത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്‍റെ നിലപാട്.

കത്തിലെ അഞ്ചു ചോദ്യങ്ങള്‍ ഇവയാണ്

1. പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ എന്തിന് ?

2. സസ്പെൻഷനു മുമ്പ് തന്റെ ഭാഗം കേൾക്കാത്തത് എന്ത്?

3. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ശേഖരിച്ചത് ആരാണ്?

4. ഏത് അക്കൗണ്ടിൽ നിന്നാണ് എടുത്തത്?

5. വ്യാജമാണോയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ?

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് എൻ പ്രശാന്തിനെ സസ്പെന്‍റ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തന് ചാർജ് മെമ്മോയും നൽകി. എന്നാൽ മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് പ്രശാന്ത് ചെയ്തിരിക്കുന്നത്. 5 കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മറുപടി നല്‍കിയാൽ ചാർജ് മെമ്മോക്ക് താനും മറുപടി നല്കാമെന്നാണ് കത്തിൽ പ്രശാന്ത് പറയുന്നത്.

നവംബർ 8 മുതൽ 11 വരെ ഫെയ്സ്ബുക്കിൽ പ്രശാന്ത് പങ്ക് വെച്ച കുറിപ്പുകളാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങളായി സസ്പെൻഷൻ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷി വകുപ്പിലെ സ്പെഷൽ സെക്രട്ടറിയെന്ന നിലയിൽ കാംകോ പവർ വീഡറിന്റെ പരസ്യം പങ്കു വെച്ച് ഫെയ്സ് ബുക്കിലിട്ട പരാമർശവും ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണെന്ന് മെമ്മോയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ 16നാണ് എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് തന്‍റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടതെങ്കിലും ഇത് വരെ മറുപടി നല്‍കിയിട്ടില്ല. ചാർജ്ജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ച് ഒരു ഉദ്യോഗസ്ഥൻ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.