ഇടുക്കി; കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷെഫീക്കിന്‍റെ അച്ഛന് 7 വർഷം തടവും 50000 രൂപ പിഴയും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവും പിഴയുമാണ് ശിക്ഷ. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
വിവിധ വകുപ്പുകള്‍ തിരിച്ചാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒന്നാം പ്രതി സ്ത്രീയായതും ജീവിത സാഹചര്യം മോശമായിരുന്നതും മക്കളുണ്ടെന്നതും കോടതി പരിഗണിച്ചു. അനീഷയ്ക്ക് ഐപിസി 307 വകുപ്പ് പ്രകാരം പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അധികമായി അനുഭവിക്കണം. ഐപിസി 324 പ്രകാരം മൂന്ന് വര്‍ഷം തടവും വിധിച്ചു. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. പരമാവധി ശി്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയിൽ വാദിച്ചിരുന്നു.
5 വയസ്സുകാരന്‍ ഷെഫീഖിനെ 2013 ജൂലൈ 15ന് ആണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചത്. പട്ടിണി കിടന്ന് എല്ലും തോലുമായ രീതിയിലായിരുന്നു ശരീരം. ഓടിക്കളിച്ചപ്പോള്‍ വീണ് പരിക്കെറ്റന്നാണ് പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. ഷെഫീക്കിന് മര്‍ദ്ദനമേറ്റെന്ന് ഡോക്ടര്‍ വ്യക്തമാക്കിതോടെ ക്രൂരകൃത്യം പുറം ലോകമറിഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനം നിലച്ചതും തുടര്‍ച്ചയായി ഉണ്ടായ അപസ്മാരവും മൂലം ഷെഫീക്കിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്ന അവസ്ഥയായി.
വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷം ജീവന്‍ തിരിച്ചു പിടിച്ചെങ്കിലും തലച്ചോറിനെറ്റ പരുക്ക് കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചു. ഷെഫീക്കിനെയും സര്‍ക്കാര്‍ നിയമിച്ച ആയ രാഗിണിയെയും 2014 ല്‍ തൊടുപുഴ അല്‍ അഹ്സര്‍ മെഡിക്കല്‍ കോളജ് കോളേജ് ഏറ്റെടുത്തു. തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്നാണ് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞത്.