അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിനോട് അസിസ്റ്റന്‍റ് കമാൻഡൻ്റ് അജിത്തിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായി മൊഴി. വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹ പ്രവർത്തകരാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മൊഴി.
2021ല്‍ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷ് മരിച്ച സംഭവത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ്
അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടാകാന്‍ കാരണം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയെന്നും സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ഇത് വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തിരുന്നു. വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടാകാന്‍ ഇതും കാരണമായി
സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ വിനീതിനെ കഴിഞ്ഞ ദിവസമാണ് ക്യാമ്പിലെ ശുചിമുറിയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഭാര്യ ഗർഭിണിയായതിനാൽ ഇടയ്ക്ക് ലീവുകൾക്ക് അപേക്ഷിച്ചിരുന്നെങ്കിലുംലീവ് നൽകിയിരുന്നില്ല. ക്യാമ്പിലെ റീഫ്രഷ്മെൻറ് പരിശീലനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്തു വന്നിരുന്നു.
അസിസ്റ്റന്‍റ് കമാൻഡൻ്റ് അജിത്തിൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു സന്ദേശം. പരിശീലന ഓട്ടത്തിൽ പരാജയപ്പെട്ടതോടെ ക്യാമ്പ് വൃത്തിയാക്കുന്ന ജോലി വിനീതിനെ കൊണ്ട് ചെയ്യിച്ചെന്നും സഹപ്രവർത്തകരുടെ മൊഴിയില്‍ പറയുന്നു.