ഇന്ത്യക്കാരെ ബാധിക്കും; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക;

വാഷിങ്ടൺ: അമേരിക്ക സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണെന്ന മുന്നറിയിപ്പ് നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജനുവരിയിൽ അധികാരമേറ്റ ഉടന്‍ തീരുമാനം നടപ്പാക്കുമെന്നാണ് സൂചന. ട്രംപിന്റെ ഈ തീരുമാനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ജനുവരി 20നായിരിക്കും ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുക. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഇമിഗ്രേഷൻ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനകം ശക്തമാക്കിയിട്ടുണ്ട്.

1.45 ദശലക്ഷം ആളുകളുടെ പേര് ചേർത്തുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. ഇന്ത്യയിൽ നിന്ന് ഏകദേശം 7,25,000 ആളുകളാണ് യുഎസിലുള്ളത്. ഇന്ത്യ മാത്രമല്ല, പല രാജ്യങ്ങളും യുഎസിന്റെ നാടുകടത്തൽ നടപടിയോട് സഹകരിക്കുന്നില്ലെന്നാണ് ഐസിഇ പറയുന്നത്.

ഇന്ത്യക്ക് പുറമേ, ഭൂട്ടാൻ, ക്യൂബ, മ്യാൻമർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എറിത്രിയ, ഹോങ് കോങ്, ഇറാൻ, ലാവോസ്, ചൈന, പാകിസ്താൻ, റഷ്യ സോമാലിയ, വെനസ്വേല എന്നീ 14 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇക്കഴിഞ്ഞ നവംബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 17,940 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. കൂടുതലും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർ ആണെന്നാണ് സൂചന.

കണക്കുകൾ പ്രകാരം യുഎസിൽ മെക്‌സിക്കൻ കുടിയേറ്റക്കാരാണ് ഏറ്റവുമധികമുള്ളത്. രണ്ടാമത്
എൽസാൽവഡോറും മൂന്നാമത് ഇന്ത്യയുമാണ്. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ അമേരിക്ക തിരിച്ചയച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 1100-ഓളം ഇന്ത്യക്കാരെ യു എസ് തിരികെ അയച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു നടപടി. എന്നാൽ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎസിന് പരാതിയുണ്ട്.