കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിനായി പ്രമോഷൻ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് ആൽവിൻ മരിച്ചതില്‍ ദുരൂഹത. മരണത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടന്നതായി കണ്ടെത്തല്‍. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ അപകടമുണ്ടാക്കിയത് കേരള രജിസ്ട്രേഷനിലുള്ള ‘ഡിഫന്‍ഡര്‍’ കാറാണ് എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പൊലീസ് എത്തി. തെലങ്കാന രജിസ്ട്രേഷനിലുള്ളതാണ് ആ ബെന്‍സ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ ഇരു വാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്ട്രേഷനിലുള്ള കാറിൻ്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിൻ്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
ഒപ്പം പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവികളില്‍ നിന്നും തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനം ആല്‍വിനെ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തെലങ്കാന ബെന്‍സ് കാറിന് ഇന്‍ഷൂറന്‍സും ടാക്സും ഇല്ലാത്തതിനാലാവാം ഇത്തരമൊരു ആസൂത്രിത നീക്കം നടന്നതെന്ന് കരുതുന്നു. ഇത് സംബന്ധിച്ച് ഇന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
ഇന്നലെ രാവിലെ ഏഴരയോടെയാണ് ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
രണ്ട് ആഡംബര കാറുകൾ വേഗത്തിൽ ഓടിവരുന്നത് റോഡിന്റെ നടുവിൽ നിന്ന് മൊബൈലിൽ ചിത്രീകരിക്കാനാണ് വീഡിയോ എടുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ആൽവിനെ നിയോഗിച്ചത്. കാറുകളിലൊന്നിടിച്ച് ആൽവിൻ ആകാശത്തേക്കുയർന്നാണ് റോഡിലേക്ക് വീണത്. നട്ടെല്ലിനേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കാറുകൾ ഓടിച്ച സ്ഥാപനമുടമ മഞ്ചേരി സ്വദേശി സാബിത്ത് കല്ലിങ്ങലിനെയും മുഹമ്മദ് റൈസിനെയും കസ്റ്റഡിയിലെടുത്തു
വൃക്ക മാറ്റിവെച്ച ആൽവിൻ അടുത്തിടെ ജോലിയന്വേഷിച്ച് വിസിറ്റിങ് വിസയിൽ ഗൾഫിൽ പോയിരുന്നു. വൃക്ക മാറ്റി വെച്ചതിനെ തുടര്‍ന്ന് ഭാരിച്ച ജോലികള്‍ ചെയ്യുന്നതിന് പരിമിതിയുള്ളതിനാല്‍ വീഡിയോ എഡിറ്റിങ് സ്വന്തമായി പഠിക്കുകയും അത് ജീവിത മാര്ഗമാക്കുകയുമായിരുന്നു. വിസിറ്റിങ് വിസയില്‍ മൂന്നു മാസത്തോളം ഗള്‍ഫില്‍ നിന്ന ആല്വിന് രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയതും ഈ സ്ഥാപനത്തില്‍ ചേര്‍ന്നതും