കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി വി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. നവീൻ ബാബുവുമായി ബന്ധപ്പെടുത്തി അൻവർ ഉന്നയിച്ചത് നുണകളും ദുരാരോപണങ്ങളുമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെയ്സ്ബുക്കിലൂടെ പി ശശി വ്യക്തമാക്കി.
വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ മാത്രം പറഞ്ഞ് നിലനില്ക്കേണ്ട ഗതികേടിലാണ് നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പി ശശി കുറ്റപ്പെടുത്തി. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല എന്നും അൻവറിന്റേത് നുണകളും ദുരാരോപണങ്ങളുമാണ് എന്നും പി ശശി കുറിക്കുന്നുണ്ട്. ഇതിനകം അൻവറിനെതിരെ രണ്ട് കേസുകൾ പി ശശി നൽകിയിട്ടുണ്ട്.
പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നുവെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പി ശശി നിർബന്ധിക്കുന്നുവെന്ന് നവീൻ ബാബു അടുപ്പക്കാരോട് പറഞ്ഞിരുന്നുവെന്നും ആയിരുന്നു അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. പി ശശിയുടെ ബിനാമിയാണ് പി ദിവ്യയുടെ ഭർത്താവെന്നും അവരെ യാത്രയയപ്പ് ചടങ്ങിലേക്ക് പറഞ്ഞുവിട്ടത് പി ശശിയാണെന്നും അൻവർ പറഞ്ഞു. ഇതിന്റെ തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും പിവി അൻവർ പറഞ്ഞിരുന്നു.