‘ആരെയാണ് വിഡ്ഢികളാക്കുന്നത് ; കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം’ എസ്ഡിആര്‍എ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്നും ഓഡിറ്റിംഗ്‌ നടക്കുന്നില്ലെന്നും ഹൈക്കോടതിയുടെ കുറ്റപ്പെടുത്തല്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതി എസ്ഡിആര്‍എ ഫണ്ട് ഓഡിറ്റിങ്ങിൽ അതൃപ്തി പ്രകടിപ്പിച്ചത് . ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്നും ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്ന് ചൂണ്ടിക്കാണിച്ച. ഹൈക്കോടതി ആരെയാണ് സംസ്ഥാന സർക്കാർ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും ചോദിച്ചു.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശം ഇല്ലാത്തതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ”677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല. തുക പാസ് ബുക്കിലുണ്ടാവും, എന്നാൽ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ല” – ഹൈക്കോടതി വിമര്‍ശിച്ചു. അടിയന്തിര ആവശ്യത്തിന് 677 കോടി രൂപയില്‍ എത്ര രൂപ ചെലവഴിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ ഫണ്ടില്‍ വ്യക്തത വരുത്താന്‍ സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച കോടതി സാധ്യമായ എല്ലാ സമയവും നല്‍കിയെന്നും ഇനിയും സമയം നല്‍കാനാവില്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നൽകുകയും ചെയ്തു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി അത് ഹാജരാക്കാനും നിർദേശം നൽകി.