കൊലപാതക കേസില്‍ ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി
അറസ്റ്റില്‍. തന്‍റെ മുന്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് 43കാരിയായ ആലിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഡിസംബര്‍ 9വരെ റിമാന്‍റില്‍ വിട്ടു.
ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് സംഭവം.
ബോളിവുഡ് താരവും മോഡലുമായ നര്‍ഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് ആലിയ
മുന്‍ കാമുകന്‍ എഡ്വേര്‍ഡ് ജേക്കൂബ്സ് (35) സുഹൃത്ത് അനസ്താനിയ എറ്റിനി (33) എന്നിവരാണ് കൊല്ലപ്പെട്ടത്. എഡ്വേര്‍ഡ് ജേക്കൂബ്സും സുഹൃത്തും താമസിക്കുന്ന ഗാരേജിലേക്ക് എത്തിയ ആലിയ ‘നിങ്ങളെല്ലാം ഇന്ന് മരിക്കും’ എന്ന് പറഞ്ഞ് കെട്ടിടത്തിന് തീ ഇടുകയായിരുന്നു. ബഹളം കേട്ട്, ഉറങ്ങുകയായിരുന്ന അനസ്താനിയ ഉണര്‍ന്ന് താഴെ ഇറങ്ങി വന്നെങ്കിലും, തീ ആളിപടര്‍ന്നതോടെ എഡ്വേര്‍ഡ് ജേക്കൂബ്സിനെ രക്ഷിക്കാന്‍ വീണ്ടും അകത്തേക്ക് പോവുകയായിരുന്നു. ഇതോടെ 2 പേരും അവിടെ കുടുങ്ങി പൊള്ളലേറ്റ് മരിച്ചു
തന്‍റെ മകനും ആലിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും, എന്നാല്‍ ആലിയ ഇത് അംഗീകരിക്കാതെ മകനെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് എഡ്വേര്‍ഡ് ജേക്കൂബ്സിന്‍റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം തന്‍റെ മകള്‍ കൊലപാതകം ചെയ്യില്ലെന്നാണ് ആലിയയുടെ മാതാവ് പറയുന്നത്. സെക്കന്‍റ് ഡിഗ്രി കൊലപാതക കുറ്റമാണ് ആലിയയ്ക്കെതിരെ പ്രൊസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്