മുൻ MLAയുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കി ; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി

എം.എൽ.എയായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
തള്ളിയത്. ആശ്രിത നിയമനം സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് മാതമായി ഉള്ളതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രശാന്ത് സർവീസിൽ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചു. 2018ലായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻ്റ് എൻജിനിയറായി ആശ്രിത നിയമനം നൽകിയത്. ഒരു എം.എൽ.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ഹൈക്കോടതി നിയമനം റദ്ദാക്കിയത്

ഒരു മുൻ എം.എൽ.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നൽകുകയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സർവീസ് ചട്ടങ്ങൾ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സർവീസ് ചട്ടം പ്രകാരം തസ്‌തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താൻ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു.

എന്നാൽ, മതിയായ യോഗ്യതകൾ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. പൊതുതാത്പര്യ ഹർജിയിൽ നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.