ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ് ; വയനാടും ചേലക്കരയും പോളിംഗ് ബൂത്തില്‍

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും മെച്ചപ്പെട്ട പോളിംഗ്. ആദ്യ 4 മണിക്കൂറുകൾ പിന്നിട്ടപ്പോൾ വയനാട്ടിൽ 21 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ചേലക്കരയില്‍പോളിങ് 22 ശതമാനം പിന്നിട്ടു. രണ്ട് മണ്ഡലത്തിലും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. തകരാറുകൾ പരിശോധിച്ച് വോട്ടിങ് പുനരാരംഭിച്ചു.
വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിൽ എത്തിയത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്. 20 ന് പാലക്കാടെ തെരഞ്ഞെടുപ്പും കഴിഞ്ഞ് മൂന്നിടങ്ങളിലും 23-നാണ് വോട്ടെണ്ണൽ.

വയനാട്ടില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പും ചേലക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 16.71 ലക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്യും. 2.34 ലക്ഷം വോട്ടര്‍മാരുളള വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാരുള്ളത്.

ചേലക്കയില്‍ രമ്യാ ഹരിദാസും യു ആര്‍ പ്രദീപും കെ ബാലകൃഷ്ണനും ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്. 2.13 ലക്ഷം വോട്ടര്‍മാര്‍ ജനവിധിയില്‍ പങ്കാളിയാകും. 180 പോളിങ് പൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഝാർഖണ്ഡ്‌ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പും 10 സംസ്ഥാനങ്ങളിലായി 31 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.