കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡി. അന്വേഷണം നടത്തണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി. ”കള്ളപ്പണം കൈകാര്യം ചെയ്‌തത് ബിജെപി നേതൃത്വമാണ്. ഇ.ഡി നിലവിൽ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിൻ്റെ കേസുകൾ മാത്രമാണ്. ഭരണകക്ഷി എന്ത് കൊള്ള നടത്തിയാലും യാതൊരു പ്രശ്‌നവുമില്ല എന്ന നിലപാടാണ് ഇ.ഡിക്ക്. ഇത്രയും വലിയ കൊള്ള നടന്നിട്ടും യാതൊരു ജാഗ്രതയുമില്ല. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. കേരള പോലീസിൻ്റെ അന്വേഷണം പാതിവഴിയിൽ അല്ല. അന്വേഷണം കൃത്യമായി നടത്തിയിട്ടുണ്ട്. റിപ്പോർട്ട് കൃത്യമായി ഇഡിക്കും എല്ലാ വിഭാഗങ്ങൾക്കും നൽകിട്ടുണ്ട്. അവര്‍ അതിൽ ഇടപെടുന്നില്ല” – എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി
എല്ലാം നടന്നത് ബി.ജെ.പി നേതൃത്വം അറിഞ്ഞു കൊണ്ടാണ്. കള്ളപ്പണമൊഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ബി.ജെ.പിയുടെ രീതിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഏതോ ഒരു സ്ഥലത്ത് വെച്ച് നടന്ന തട്ടിക്കൊണ്ടുപോകൽ മാത്രമല്ല, ബിജെപി ഓഫീസിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വിതരണം ചെയ്തതിനിടയിൽ ഉണ്ടായ സംഭവമാണ് കൊടകര. കേന്ദ്രീകൃതമായ കള്ളപ്പണ വിതരണം BJP കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്. 41.6 കോടിയെ സംബന്ധിച്ചാണ് ഇപ്പോൾ പറയുന്നത്. ഇതിൽ ഓരോ ഭാഗത്തേക്കും കള്ളപ്പണം എത്തിച്ചിട്ടുളളത് കേരളത്തിലെ ബി.ജെ.പി. നേതൃത്വം അറിഞ്ഞു കൊണ്ടാണ്. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപി അഖിലേന്ത്യാ നേതൃത്വവും കേരള നേതൃത്വവും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന രീതിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു