തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷാ വിധി തിങ്കളാഴ്ച. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി തിങ്കളാഴ്ച പറയും. ഇതര ജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു കൊലപാതകം. പ്രതികള്‍ക്ക്
വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം
കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്‌തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം സുരേഷും പ്രഭുകുമാറും ചേർന്ന് കുത്തിക്കൊന്നത്. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. ഇരുവരും സ്കൂ‌ൾ കാലം മുതൽ പ്രണയത്തിലായിരുന്നു.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കരുതിക്കൂട്ടിയുള്ള, ക്രൂരമായ കൊലപാതകമല്ല. അതു കൊണ്ട് തന്നെ പ്രതികളെ വെറുതെ വിട്ടാല്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.