എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് അനുശോചനമറിയിച്ചും മാപ്പ് ചോദിച്ചും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. ഉണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തി കളക്‌ടർ കത്ത് നൽകി. ‘എൻ്റെ ചുറ്റും ഇരുട്ട് മാത്രമാണ്, നവീന്റെ വേർപാടുണ്ടാക്കിയ നഷ്ടബോധവും പതർച്ചയും പറഞ്ഞറിയിക്കാൻ വാക്കുകൾക്ക് കെൽപ്പില്ല’ ഇതായിരുന്നു കളക്ടറുടെ കത്തിന്റെ ഉള്ളടക്കം.
പത്തനംതിട്ട സബ് കളക്ടർ വഴിയാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് കളക്‌ടർ കത്ത് കൈമാറിയത്.
”നവീന്റെ അന്ത്യകർമങ്ങൾ കഴിയുന്നതു വരെ താൻ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരിൽ വന്നു ചേർന്നു നിൽക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ല. നവീൻ്റെ മരണം നൽകിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോൾ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീൻ” ഇങ്ങനെ പോകുന്നു കലക്ടറുടെ കത്തിലെ വാചകങ്ങള്‍.
നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കളക്‌ടർക്കെതിരേ ഗുരുതര ആരോപണവുമായി നവീൻ ബാബുവിൻ്റെ ബന്ധുക്കളും
സിപിഎം പത്തനംതിട്ട നേതൃത്വവും രംഗത്തെത്തിയിരുന്നു. അരുൺ കെ. വിജയനാണ് പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചു വരുത്തിയത് എന്നാണ് ആരോപണം. ദിവ്യയുടെ സൗകര്യ പ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും ആരോപണമുണ്ട്