ഉപതെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ LDF സ്ഥാനാർഥിയായി CPIയിലെ സത്യൻ മൊകേരി മത്സരിക്കും. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിലാണ് തീരുമാനമായത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എം എൽ എ ആയിട്ടുണ്ട്. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി സത്യൻ മൊകേരി, ഇ.എസ് ബിജിമോൾ എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.
അതിനിടെ പാലക്കാട്ടെ LDF സ്ഥാനാർഥിയെ 2 ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പാര്‍ട്ടിയോട് ഇടഞ്ഞ് രംഗത്തെത്തിയ പി.സരിനെ പരിഗണിക്കാനുള്ള സാധ്യത CPM നേതാക്കൾ തള്ളിക്കളയുന്നില്ല. ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയാവുന്നതില്‍ മുൻ എംഎൽഎ യു. ആർ പ്രദീപിന്റെ കാര്യം ധാരണയായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശനിയാഴ്ച ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
അതേ സമയം ബിജെപിയിൽ പാലക്കാട് സ്ഥാനാർഥിത്വത്തെ ച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. ശോഭാ സുരേന്ദ്രനാണോ അതോ സി.കൃഷ്ണകുമാറിനാകുമോ നറുക്കു വീഴുക എന്നതിൽ ആകാംക്ഷ നില നിൽക്കുകയാണ്. ബിജെപി പാർലമെന്ററി ബോർഡ് യോഗം ന്യൂഡൽഹിയിൽ ചേർന്നാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ സന്ദീപ് വാരിയരുടെ പേരുമുണ്ടെന്നറിയുന്നു.