നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ.രാജൻ

തിരുവനന്തപുരം: കണ്ണൂരിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍. നവീനെക്കുറിച്ച് ഇതു വരെയും മോശപ്പെട്ട പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് നവീനെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

നവീന്റെ ആവശ്യ പ്രകാരമാണ് കണ്ണൂര്‍ എഡിഎം ചുമതലയില്‍ നിന്ന് പത്തനം തിട്ടയിലേക്ക് മാറ്റിയത്. മരണത്തില്‍ അടിയന്തിരമായി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗൗരവമായ അന്വേഷണം ഉണ്ടാവും എന്നും
കെ രാജന്‍ പ്രതികരിച്ചു. പി പി ദിവ്യയുടെ ഇന്നലത്തെ പരസ്യമായ ഇടപെടലിനെയും മന്ത്രി തള്ളി. ജനപ്രതിനിധികള്‍ക്ക് ഇടപെടലില്‍ പക്വതയും പൊതു ധാരണയും വേണമെന്ന് മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്നലെ രാത്രി പത്തനം തിട്ടയിലേക്ക് ട്രെയിനിൽ പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ പിപി ദിവ്യ എല്ലാവരുടെയും മുന്നില്‍ വെച്ച് ഗുരുതരമായ അഴിമതിയാരോപണം
ഉന്നയിച്ചത്