നടി മാല പാർവതിയെ വെർച്വൽ അറസ്റ്റ് ചെയ്ത് തട്ടിപ്പു സംഘം; പണം തട്ടാന്‍ ശ്രമം

വെർച്വൽ അറസ്റ്റിലൂടെ നടി മാല പാർവതിയുടെ കെെയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം.
എംഡിഎംഎ അടങ്ങിയ കൊറിയർ തടഞ്ഞു വെച്ചെന്ന് പറഞ്ഞാണ് തട്ടിപ്പിനായി നടിയെ സമീപിച്ചത്. വ്യാജ ഐഡി കാർഡ് കാണിച്ച് മുംബൈ പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ചോദ്യം ചെയ്യൽ എന്ന പേരിൽ താരത്തെ ഒരു മണിക്കൂറോളം ഡിജിറ്റൽ കുരുക്കിൽ പെടുത്തുകയും ചെയ്തു. അവസാനം തട്ടിപ്പ് മനസ്സിലായപ്പോഴാണ് നടി കുരുക്കിൽ നിന്ന് രക്ഷപ്പെട്ടത്.ഒരു മണിക്കൂറോളം മാലാ പാർവതിയെ സംഘം വെർച്വൽ അറസ്റ്റിലാക്കി. തയ്‌വാനിലേക്ക് ലഹരി മരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു

മധുരയിലെ ഷൂട്ടിങ് സമയത്ത് രാവിലെയാണ് ഫോൺ വന്നതെന്ന് മാലാ പാർവതി പറഞ്ഞു. ‘‘ഡിഎച്ച്എൽ എന്ന സ്ഥാപനത്തിൽ നിന്ന് ഒരു പാഴ്സല്‍ തടഞ്ഞു വെച്ചെന്നു പറഞ്ഞാണ് ഫോൺ വന്നത്. നേരത്തെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിനാൽ ഫോൺ സത്യമായിരിക്കുമെന്നാണ് കരുതിയത്. അങ്ങനെ അവരുടെ കസ്റ്റമർ കെയറിലേക്ക് കണക്ട് ചെയ്തു. അവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‍വാനിലേക്ക് ഒരു പാഴ്സൽ പോയിട്ടുണ്ടെന്ന് പറഞ്ഞു. എന്താണ് കൂടുതൽ വിവരങ്ങൾ എന്ന് ചോദിച്ചപ്പോൾ മുംബൈയിൽനിന്ന് പാഴ്സൽ അയച്ച നമ്പർ, തയ്‌വാനിൽ അത് അയച്ച ആളുടെ നമ്പർ അഡ്രസ് എല്ലാം അയാൾ പറഞ്ഞു. പാഴ്സലിൽ പാസ്പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ എന്നിവയാണുള്ളതെന്നാണ് അവർ അറിയിച്ചത്. പിന്നാലെ അവർ മുംബൈ പൊലീസിനെ കണക്ട് ചെയ്ത് തന്നു.
മുംബൈ ക്രൈംബ്രാഞ്ച് എന്നു പറഞ്ഞ് ഐഡി കാർഡ് പോലും അയച്ച് തന്നു. 12 സംസ്ഥാനങ്ങളിൽ എന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയെന്നാണ് പറഞ്ഞത് .വളരെ കൺവിൻസിങ് ആയ രീതിയിൽ സംസാരിച്ചതു കൊണ്ട് ഇത് സത്യമല്ല എന്ന് മനസ്സിലാക്കാനേ പറ്റിയില്ല. ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. ആ സമയത്ത് താൻ ഐഡി കാർഡ് പരിശോധിച്ചപ്പോഴാണ് അതിൽ അശോക സ്തംഭം ഇല്ലെന്ന് മനസ്സിലായത്. അങ്ങനെയാണ് ഗൂഗിളിൽ തിരഞ്ഞതും ഇത് തട്ടിപ്പാണെന്ന് മനസ്സിലായതും. പിന്നീട് തന്റെ മാനേജർ തിരിച്ച് വിളിച്ചപ്പോൾ അവർ ഫോൺ എടുത്തില്ല’’ മാലാ പാർവതി പറഞ്ഞു.