നടൻ ബാലയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും

നടൻ ബാലയെ മുൻ ഭാര്യ നൽകിയ പരാതിയിലാണ് ഇന്ന് പുലർച്ചെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മകളെയും തന്നെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും പിന്തുടർന്ന് ശല്യം ചെയ്തെന്നുമുള്ള പരാതിയിലാണ് കടവന്ത്ര പോലീസ് ബാലയെ അറസ്റ്റ് ചെയ്തത്. നടനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നടന്‍റെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്.

മുൻ ഭാര്യയുടെ പരാതി ഏറെ ഗൗരവം ഉള്ളതാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ . ഇപ്പോൾ ബാല കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. വൈകിട്ടോടെ നടനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഏതാനും ദിവസങ്ങളായി ബാലയും മുൻ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹ മാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ്  പൊതുമണ്ഡലത്തില്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നും തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നെന്നുമാണ് മകൾ പറഞ്ഞത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിൽ ബാലയും പ്രതികരണങ്ങൾ പങ്കുവെച്ചു. ഇതോടെ ബാലക്കെതിരെ മുൻഭാര്യയും രംഗത്തെത്തി. ഈ പ്രശ്നങ്ങളാണ് ഇപ്പോള്‍ ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്.