ദില്ലി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെ അടിച്ചമര്‍ത്താന്‍ നീക്കങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ആരംഭിച്ചിട്ടുള്ള ദില്ലി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാകുന്നു. ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷമുണ്ടായി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പൊലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ സിംഗുവിലും കര്‍ഷകര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്..
കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്.

എന്നാല്‍ സമരത്തില്‍ നിന്നും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ഇവരുടെ നിലപാട്. തങ്ങളുടെ ആവശ്യം നിറവേറ്റാനാണ് ഡല്‍ഹിയില്‍ വരുന്നതെന്നും ജയിക്കുന്നതുവരെ എത്രനാള്‍ തുടരാനും തയ്യാറാണെന്നും കര്‍ഷകര്‍ പറയുന്നു.

കര്‍ഷകര്‍ ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് സമരത്തിനെത്തിയത്. സമരം മൂന്ന് മാസം വരെ തുടര്‍ന്നാലും അതിനെ നേരിടാനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.വൈകുന്നേരത്തോടെ അതിര്‍ത്തിയില്‍ 50,000ത്തിലധികം കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം കര്‍ഷകരെ നേരിടാന്‍ ഉത്തര്‍പ്രേദശ്-ദല്‍ഹി, ഹരിയാന- ദല്‍ഹി അതിര്‍ത്തികളിലെല്ലാം കനത്ത പൊലീസ് സേനയെയാണ് ഒരുക്കിയിരിക്കുന്നത്.അതിര്‍ത്തികള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടും ബാരിക്കേടുകള്‍ കൊണ്ടും അടച്ചിരിക്കുകയാണ് ദല്‍ഹി പൊലീസ്. ഒരു കാരണവശാലും കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വീണ്ടും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചിരുന്നു.