തൃശ്ശൂരില്‍ കൊള്ള നടത്തിയവര്‍, വിദഗ്ധ പരിശീലനം ലഭിച്ചവർ; SPയ്ക്ക് കണ്ണൂരിലെ മുന്നനുഭവം പ്രതികളെ പെട്ടെന്ന് പിടികൂടാൻ സഹായകമായി

തൃശ്ശൂർ : തൃശ്ശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തി 65 ലക്ഷം രൂപ കൊള്ളയടിച്ച സംഘം കവർച്ചയിൽ വൈദഗ്ധ്യം നേടിയവർ. ക്ലിനിക്കൽ ഓപ്പറേഷൻ എന്നു തന്നെ തൃശ്ശൂരിലെ കവർച്ചയെ വിശേഷിപ്പിക്കാമെന്ന് പോലീസ്. നടത്താൻ ഉദ്ദേശിക്കുന്ന കവർച്ചകൾ കൃത്യമായി ആസൂത്രണം ചെയ്ത്, ശ്രദ്ധയോടെ നടപ്പാക്കുന്നതാണ് ഈ സംഘത്തിന്‍റെ രീതി. ഇവര്‍ക്ക് എടിഎമ്മിന്റെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി അറിയാം. എടിഎം സർവീസിങ് പഠിച്ച മോഷണ വിദഗ്ദരാണ് സംഘത്തിലെ അംഗങ്ങൾ. മോഷണ സമയത്ത് സംഘത്തിലെ ആരും മൊബൈൽ ഫോൺ ഉപയോഗിച്ചില്ല, പകരം അത്യാധുനിക വയർലെസ് സംവിധാനമാണ് ഇവര്‍ ഉപയോഗിച്ചത്. മോഷണത്തിന് ശേഷം പണവുമായി കാർ ഹൈവേയിൽ എത്തിയ സമയത്ത് കണ്ടെയ്നർ ലോറി മണ്ണുത്തിയിലേക്ക് എത്തിക്കാനും വയർലെസിലൂടെയാണ് സന്ദേശം കൈമാറിയത്.

ഹരിയാന അതിർത്തിയിലെ നൂഹ് ജില്ലയാണ് ഈ കൊള്ള സംഘത്തിന്‍റെ താവളം. രാജ്യത്തെ പ്രധാന എടിഎം കവർച്ച കേസിലെ പ്രതികളും ഇവിടെ നിന്നുള്ളവരാണ്. എടിഎം തകർത്ത് പണം കവർന്നത് എടിഎം അണ്ടർ മെയിന്‍റനൻസ് എന്ന ബോർഡ് വെച്ചാണ്. എടിഎമ്മിൽ പണം നിറക്കുമ്പോഴും അറ്റകുറ്റപ്പണി നടത്തുമ്പോളും ഷട്ടർ ഭാഗികമായി അടച്ചിടാറുണ്ട്. പുറത്ത് ഒരാൾ കാവൽ നിൽക്കും. അറ്റകുറ്റപ്പണിക്കായി സാധനങ്ങൾ എത്തിച്ച കാറും പുറത്തുണ്ടാകും. ഈ രീതിയിലാണ് കൊള്ള നടത്തിയത്. പുതിയ രീതിയിലുള്ള എടിഎമ്മുകള്‍ പെട്ടെന്ന് പൊളിച്ച് പണം എടുക്കാനുള്ള പരിശീലനത്തിനായി പഴയ എടിഎം യന്ത്രങ്ങൾ പണം കൊടുത്ത് ഈ സംഘം വാങ്ങാറുണ്ട്. അങ്ങനെയാണ് ഇവർ കവർച്ചയ്ക്കായി പരിശീലനം നടത്തുന്നത്.

ഇനി പോലീസോ നാട്ടുകാരോ പിടികൂടാൻ വന്നാൽ പ്രതിരോധിക്കാനുള്ള സജ്ജീകരണവും ഇവരുടെ പക്കലുണ്ടാകും തോക്കുകൾ, വാൾ,കമ്പിപ്പാര തുടങ്ങിയ ആയുധങ്ങൾ വാഹനത്തിൽ സൂക്ഷിക്കുന്നത് പതിവാണ്. വേണ്ടി വന്നാൽ ഇവർ ഏറ്റുമുട്ടലിനും തയ്യാറാകും. ഇന്നലെ പോലീസുമായി നടുറോഡിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പ്രതി വെടിയേറ്റു മരിച്ചിരുന്നു. പോലീസുകാർക്കും പരിക്കേറ്റിരുന്നു.

തൃശ്ശൂരിൽ നടന്ന എടിഎം കവർച്ചയിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പ്രധാനമായും രണ്ടു കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തിയത്. ഒന്നാമത്തേത് കവർച്ച നടത്തിയ സ്ഥലത്തുണ്ടായിരുന്ന കാർ ഏതെങ്കിലും ടോൾ പ്ലാസ കടന്നിട്ടില്ലെന്ന് ഉറപ്പാക്കുക. രണ്ട് രാജസ്ഥാൻ ഹരിയാണ രജിസ്ട്രേഷൻ കണ്ടെയ്നർ ലോറി ടോൾ പ്ലാസ കടക്കുന്നുണ്ടോ എന്ന് നോക്കുക. ഈ നിർദ്ദേശം കിട്ടിയ പോലീസ് രണ്ടു കാര്യങ്ങൾ കണ്ടെത്തി. കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന കാർ ടോൾ പ്ലാസ കടന്നിട്ടില്ല, രാജസ്ഥാൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ പന്നിയങ്കര ടോൾ പ്ലാസ കടന്നുപോയിട്ടുണ്ട് ഇതോടെ കവര്‍ച്ചാ സംഘവും മോഷണ മുതലും കാറും കണ്ടെയ്നർ ലോറിയിൽ ഉണ്ടെന്ന് ഇളങ്കോ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ അഞ്ചു മണിക്കൂറിനുള്ളിൽ പോലീസിന് പ്രതികളെ പിടികൂടാനായി.

കണ്ണൂർ കമ്മീഷണറായിരിക്കെ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ സമാന സംഭവം ഉണ്ടായതാണ് ഇത്ര വേഗം പ്രതികളെ കണ്ടെത്താനും പിടികൂടാനും വഴിയൊരുക്കിയതെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറായ ഇളങ്കോ പ്രതികരിച്ചു. കല്യാശ്ശേരിയില്‍ മൂന്നര വർഷം മുമ്പ് നടന്ന കവർച്ചയും തൃശ്ശൂരിലെ കവർച്ചയും തമ്മിൽ സാമ്യതയുണ്ട്. അന്നത്തെ കവർച്ചയുടെ പിന്നിൽ ഉത്തരേന്ത്യൻ കവർച്ച സംഘമായിരുന്നു. അവരും രക്ഷപ്പെട്ടത് കണ്ടെയ്നർ ലോറി ഉപയോഗിച്ചാണ് . അന്ന് മൂന്ന് എടിഎമ്മുകളിൽ നിന്നായി നഷ്ടപ്പെട്ടത് കാൽ കോടി രൂപ ആയിരുന്നു.
പുലർച്ചെ രണ്ടു മണിക്കൂറുകൾക്കുള്ളിൽ ആണ് മൂന്നിടത്തും ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തത്. കവർച്ചക്ക് മുൻപ് മുഖംമൂടി ധരിച്ച് തെളിവ് നശിപ്പിക്കാൻ ക്യാമറകൾ തകർത്തു തീയിടുകയും ചെയ്തിരുന്നു ഒരാഴ്ചക്കുള്ളിൽ കവർച്ച സംഘത്തെ വലയിലാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരു കണ്ടെയ്നർ ലോറിയുടെ സാന്നിധ്യം കണ്ടതോടെയാണ് പ്രതികളെ വിടാതെ പോലീസ് പിന്തുടര്‍ന്നത്. അന്നത്തെ ഡിവൈഎസ്പി പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് പ്രതികളെ പിടിച്ചത്.