സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ദില്ലി: സിഖ് വികാരം വ്രണപ്പെടുത്തിയാതായി പരാതി ലഭിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബിജെപി നേതാവ് അശോക് കുമാര്‍ സിഗ്ര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് അശോക് കുമാര്‍ ആരോപിച്ചു. സമാനമായ പരാതിയിൽ ഡല്‍ഹിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. ഡൽഹിയിൽ ബിജെപി നേതാവ് അമര്‍ജിത്ത് ഛബ്രയുടെ പരാതിയിലാണ് ഡല്‍ഹി സിവില്‍ലൈന്‍സ് പോലീസ് കേസെടുത്തത്.

ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിച്ച് ഗുരുദ്വാരയിലേക്ക് പോവാന്‍ സാധിക്കുമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമെന്ന് ബിജെപി നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. ജോര്‍ജ് ടൗണ്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. സംവരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയും ബിജെപി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.