സുഭദ്രയെ കൊന്ന് കുഴിച്ചിട്ട പ്രതികൾ പിടിയിൽ.. അറസ്റ്റിലായത് ഉഡുപ്പി മണിപ്പാലില്‍ നിന്ന്

ആലപ്പുഴ: സുഭദ്ര കൊലപാതകത്തിലെ പ്രതികൾ പിടിയിലായി. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസും ഭാര്യ ശർമിളയും പിടിയിലായത്. പണവും സ്വർണവും കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം സ്വർണവും പണവും കൈക്കലാക്കി സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സുഭദ്രയുടെ കൊലപാതകം ആസൂത്രിമായിരുന്നു. കൊലയ്ക്ക് മുമ്പു തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നു. വളരെ നേരത്തെ അറിയാവുന്ന സുഭദ്രയെ മാത്യൂസും ശർമിളയും കൂടി ആലപ്പുഴയിലെ വീട്ടിലെത്തിച്ചത് സ്വർണ്ണവും പണവും മോഹിച്ചാണന്നും കൊല്ലണമെന്ന് അവർ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

വീട്ടിന് പിന്നിൽ മാലിന്യം നിക്ഷേപിക്കാനെന്ന് പറഞ്ഞ് ശർമിളയും മാത്യുസും തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചെന്നും അവിടെ വീട്ടിൽ പ്രായമായ ഒരു സ്ത്രീയെ കണ്ടുവെന്നും മേസ്തിരി പൊലീസിന് മൊഴി നൽകിയിരുന്നു. ഓഗസ്റ്റ് ഏഴിനായിരുന്നു വീട്ടിൽ കുഴിയെടുത്തത്. ബാക്കി കൂലി വാങ്ങാൻ രണ്ട് ദിവസം കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരിയുടെ മൊഴിയിൽ പറയുന്നുണ്ട്. ഓഗസ്റ്റ് ഏഴിനും പത്തിനുമിടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നും പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നുമാണ് പൊലീസിൻ്റെ വിലയിരുത്തൽ.