RSS പ്രധാന സംഘടനയാണെന്ന സ്പീക്കറുടെ പ്രസ്താവന തള്ളി സിപിഐ

കോഴിക്കോട് : എ.ഡി.ജി.പി അജിത്കുമാറും – ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ.എൻ. ഷംസീറിനെതിരെ സിപിഐ രംഗത്തെത്തി. എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്. എസ്. നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റ് പറയാനാവില്ലെന്നും രാജ്യത്തെ പ്രധാന സംഘടനയാണ് ആർ.എസ്.എസ് എന്നുമായിരുന്നു സ്പീക്കറിന്റെ പ്രസ്താവന. എന്നാല്‍ മഹാത്മാഗാന്ധി വധത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ് എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തിരിച്ചടിച്ചത്.

‘ഗാന്ധിവധത്തിൽ നിരോധിക്കപ്പെട്ട സംഘടന, പ്രധാനപ്പെട്ടതെന്ന് പറയുമ്പോൾ, ആ പ്രാധാന്യം എന്താണെന്ന ചോദ്യം ഉണ്ടാവുന്നു. സ്പീക്കർ ഷംസീറിനെ പോലൊരാൾ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു.’ ഈ പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ആർഎസ്എസ് നേതാക്കളുമായി കേരളത്തിന്റെ എഡിജിപി ഊഴം വെച്ച് പോയി കണ്ടു സംസാരിക്കാൻ മാത്രം എന്താണുള്ളതെന്ന വിമർശനവും ബിനോയ് വിശ്വം ഉന്നയിച്ചു.

ഇത് കൂടാതെ, ഷംസീറിനെ ആർഎസ്എസിനെ നിരോധിച്ചത് ഓർമ്മപ്പെടുത്തി മന്ത്രി
എം ബി രാജേഷും രംഗത്തെത്തിയിരുന്നു. സർദാർ വല്ലഭായി പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ് എന്ന മറുപടിയാണ് എം ബി രാജേഷ് നൽകിയത്. ഈ വിഷയത്തിൽ ആർഎസ്എസ് വർഗീയ സംഘടനയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചിട്ടുണ്ട്.