

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും താരങ്ങള്‍ക്ക് എതിരായ ആരോപണത്തിന്റെയും പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മ ഭരണസമിതി കൂട്ടമായി രാജി വെച്ചിരിക്കുകയാണ്. എന്നാൽ കൂട്ടരാജിയില്‍ താരങ്ങള്‍ക്ക് ഭിന്നത ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ടൊവിനോ തോമസ്, അനന്യ, വിനു മോഹൻ, സരയൂ എന്നിവർ ആദ്യം രാജി തീരുമാനത്തെ എതിർത്തു. പിന്നീട് ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.താനുള്‍പ്പെടെ,എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ചില താരങ്ങൾക്ക് കൂട്ട രാജിയില്‍ വിയോജിപ്പ് ഉണ്ടായിരുന്നെന്ന്
നടി അനന്യ വ്യക്തമാക്കി. ധാർമികത മുൻനിർത്തിയായിരുന്നു തീരുമാനമെടുത്തത്. താൻ വ്യക്തിപരമായി രാജിക്ക് തയ്യാറായിരുന്നില്ലെന്നും അനന്യ പറഞ്ഞു. അമ്മയുടെ പ്രസിഡണ്ടായ മോഹൻലാലിന്റെ തീരുമാനത്തെ അംഗങ്ങളെല്ലാം സംഘടനയുടെ ഭാവിയെ മുൻനിർത്തി അനുകൂലിക്കുകയായിരുന്നെന്നും അനന്യ വ്യക്തമാക്കി

അനന്യയുടെ വെളിപ്പെടുത്തലിന് സമാനമാണ് മറ്റൊരു എക്സിക്യൂട്ടീവ് അംഗമായ സരയുവിന്റെ പ്രതികരണവും. കമ്മിറ്റിയിൽ ഇതുവരെ രാജി സമർപ്പിച്ചിട്ടില്ലെന്നും യോഗത്തിലും സമാന നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സരയു വ്യക്തമാക്കിയത്.
‘ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിൽ ഇടപെടാൻ മോഹൻലാലിന് താല്പര്യമില്ലാത്തത്തിനാലാകാം അദ്ദേഹം രാജി വെച്ചത്. ഇനി തങ്ങളോടൊപ്പം സഹകരിക്കില്ല എന്ന രീതിയിലായിരുന്നു മോഹൻലാലിന്റെ പ്രതികരണമെന്നും സരയു പറഞ്ഞു

ഇന്നലെയായിരുന്നു പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ അമ്മ ഭരണസമിതിയിലെ 17 അംഗങ്ങളും രാജി വെച്ചത്. ഓൺലൈനായി യോഗം ചേർന്നതിന് പിന്നാലെയാണ് ഭരണ സമിതി പൂർണമായി പിരിച്ചു വിട്ടത്. പുതിയ ഭരണ സമിതി വരുന്നതുവരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പിരിച്ചു വിട്ട കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ തിരഞ്ഞെടുപ്പ് നടത്തി രണ്ടു മാസത്തിനകം പുതിയ ഭരണ സമിതി രൂപീകരിക്കാനാണ് നീക്കം
