കണ്ണൂർ: ചൊക്ലിയിൽ വിവാഹ ഘോഷയാത്രയിൽ യാതൊരു സുരക്ഷാ നിയമങ്ങളും പാലിക്കാതെ അപകടകരമായ രീതിയിൽ കാറോടിച്ച 18 യുവാക്കളെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. ആഡംബര കാറുകൾ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം. കെ മുഹമ്മദ് ഷബിൻ ഷാൻ, ആലോള്ളതിൽ എ.മുഹമ്മദ് സിനാൻ, മീത്തൽ മഞ്ചീക്കര വീട്ടിൽ മുഹമ്മദ് ഷഫീൻ, പോക്കറാട്ടിൽ ലിഹാൻ മുനീർ, കാര്യാട്ട് മീത്തൽ പി മുഹമ്മദ് റാസി, കണിയാങ്കണ്ടിയിൽ കെ കെ മുഹമ്മദ് അർഷാദ്, തുടങ്ങിയവർക്കെതിരെ ആണ് അപകടകരമാം വിധം വാഹനം ഓടിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ജൂലായ് 24 ന് നടന്ന വിവാഹ ഘോഷയാത്രയിൽ വരനെ അനുഗമിച്ച വാഹനങ്ങളിൽ ഡിക്കിയിൽ ഇരുന്നും, ഡോറിൽ കയറി നിന്നും യാത്ര ചെയ്യുകയായിരുന്നു. സി.സി ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടിച്ചത്. വാഹനമോടിച്ച ആറുപേരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി തുടങ്ങി.
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വിട്ടു കിട്ടുന്നതിനായി തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 14 വരെ ഹർജി പരിഗണിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് പോലീസ് അറിയിച്ചു.