വിനേഷിന്‍റെ അയോഗ്യതയില്‍ വിങ്ങി രാജ്യം.. ഒളിമ്പിക് മെഡൽ നഷ്ടമായി

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് അയോഗ്യതയോടെ രാജ്യത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ് വിനേഷ് ഫോഗട്ട് എന്ന വനിതാ ഗുസ്തി താരം.
ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഗുസ്തി ഫെഡറേഷൻ അധികാരികളുടെ നീതികേടിനെതിരെ തെരുവിലിറങ്ങി സമരം ചെയ്ത വിനേഷ് ഫോഗട്ടിന്റെ ഉജ്വല പ്രകടനം കേന്ദ്ര സർക്കാറിന് ഉൾപ്പെടെയുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെടുന്നതിനിടെയാണ് താരം പുറത്തു പോകുന്നത്.
ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ 50 കിലോ ഭാര പരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്. ഇതോടെ ഒളിംപിക്സില്‍ ഇന്ത്യക്ക് ഉറപ്പായ മെഡല്‍ കൂടി നഷ്ടമായി.

ന്യൂഡൽഹിയിലെ ജന്തർ മന്തറിലെ തെരുവുകളിൽ അനീതിക്കെതിരെ പോരാടിയ വീര വനിത പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ ഇന്ത്യയ്ക്കു വേണ്ടി ചരിത്രം കുറിക്കുന്ന അസുലഭ നിമിഷത്തിന് വേണ്ടി കാത്തിരിക്കുയായിരുന്നു രാജ്യം. അപ്പോഴാണ് ഒരു ഇടിത്തീ പോലെ അയോഗ്യതാ വിവരം പുറത്ത് വരുന്നത്. ഇന്നലെ നടന്ന മത്സരത്തിന് മുമ്പും വിനേഷ് പതിവ് ഭാര പരിശോധനക്ക് വിധേയയായിരുന്നു. ഇന്നലെ വിനേഷിന്‍റെ ശരീരഭാരം കൃത്യമായിരുന്നു. എന്നാല്‍ മൂന്ന് മത്സരത്തിന് ശേഷം ഇന്നലെ രാത്രിയോടെ ശരീര ഭാരം രണ്ട് കിലോ ഗ്രാമോളം അധികമായി. ഇന്നത്തെ പരിശോധനയില്‍ ഭാരം 50 കിലോ ആയി നിലനിര്‍ത്താന്‍ ഇന്നലെ രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ഉറക്കമൊഴിഞ്ഞ് സൈക്ലിഗും ജോഗിങ്ങുമെല്ലാം നടത്തിയിട്ടും ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ വിനേഷ് പരാജയപ്പെടുകയായിരുന്നു.

അതേ സമയം ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്‍റെ ഭാരത്തില്‍ എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്നും തിരിമറി നടന്നിട്ടുണ്ടോ എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുകയാണ് കായിക പ്രേമികള്‍.ഫോഗട്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
പാരിസിലുള്ള ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുമായി ഫോണിൽ സംസാരിച്ചു. ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി പിൻവലിക്കുന്നതിനായി സമ്മർദ്ദം ചെലുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കാൻ പ്രധാനമന്ത്രി ഉഷയ്ക്ക് നിർദ്ദേശം നൽകി. അയോഗ്യതാ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും രേഖാമൂലം പരാതി നൽകാനുംപ്രധാനമന്ത്രി നിർദ്ദേശിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു. അതേ സമയം തീരുമാനത്തിൽ അപ്പീൽ നൽകാൻ ഇന്ത്യൻ സംഘത്തിന് യാതൊരു മാർ​ഗവും സാധ്യതയുമില്ലെന്നാണ് അറിയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വിനേഷിനെ പുകഴ്ത്തി, ആശ്വാസ വാക്കുകളുമായും പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.

ഫോ​ഗട്ടിനെ ഇപ്പോൾ ഒളിമ്പിക് വില്ലേജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍ജലീകരണം മൂലം ബോധരഹിതയായെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും നിലവിൽ വിശ്രമിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

നേരത്തേ, കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണവും
8 ഏഷ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയിട്ടുള്ള വിനേഷ്, റിയോ ഡി ജനീറോ, ടോക്കിയോ ഒളിംപിക്സുകളിൽ മെഡൽ നേടാതെ പുറത്തായിരുന്നു. റിയോ ഒളിംപിക്സില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് പിന്നീട് 53 കിലോ ഗ്രാം വിഭാഗത്തിലും മത്സരിച്ചിരുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ശരീരഭാരം കുറച്ചാണ് പാരീസില്‍ 50 കിലോ ഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗട്ട് മത്സരിച്ചത്.

സമരപാതയിൽ പ്രതിസന്ധികൾക്കു മുന്നിൽ പതറാതെ പൊരുതിയ അതേ വീര്യത്തോടെ വിനേഷ് ഫോഗട്ട് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയതിനെ കാവ്യ നീതിയായി കണ്ടവരുണ്ട്. ഒരു വർഷം മുൻപ് ഗുസ്തി ഫെഡ‍റേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ ഉൾപ്പെടെയുള്ളവർ വനിതാ താരങ്ങളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് സമര രംഗത്തുണ്ടായിരുന്ന താരം നേരിട്ട പരിഹാസത്തിനും ഒറ്റപ്പെടലിനും കയ്യും കണക്കുമില്ല. ഇതിനു പിന്നാലെയാണ് പാരിസ് ഒളിംപിക്സിൽ സ്വപ്ന നേട്ടം കൈവരിച്ച വിനേഷ് ഫോഗട്ടിനെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തതും ചരിത്ര വിജയ വാര്‍ത്തക്കായി കാത്തിരുന്നതും.