കൊല്ലം : കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച്, ശിശു മരിച്ച കേസിൽ മാതാവ് രേഷ്മയ്ക്ക് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും. കൊല്ലം ഫസ്റ്റ് ക്ളാസ് അഡീഷണല്‍ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. കേരളം ഞെട്ടിയ ഒരു കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
2021 ജനുവരി 5ന് പുലർച്ചയാണ് നവജാത ശിശുവായ ആൺ കുഞ്ഞിനെ അമ്മയായ രേഷ്മ (25) പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റാതെ വീടിന്റെ പിന്നിലെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചത്. തുടർന്ന് റബർ തോട്ടത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തി. കൊല്ലം ഗവ. ആശുപത്രിയിലും തിരുവനന്തപുരം എസ് ടി ആശുപത്രിയിലും കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രേഷ്മ – വിഷ്ണു ദമ്പതിമാർക്ക് ആദ്യം ജനിച്ചത് ഒരു പെൺകുട്ടിയായിരുന്നു. രേഷ്മയ്ക്കാകട്ടെ ഫേസ്ബുക്കിൽ ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു. അയാൾ രണ്ടാമത്തെ കുട്ടി ഉണ്ടായാൽ സ്വീകരിക്കില്ല എന്ന് പറഞ്ഞതോടെയാണ് രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. രണ്ടാമതും ഗർഭിണിയായ വിവരം രേഷ്മ ഇതു കൊണ്ടു തന്നെ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചു വെച്ചു.
2021 ജനുവരി നാലിന് രാത്രി 9 മണിയ്ക്കാണ് രേഷ്മ ആൺകുഞ്ഞിന് കുളിമുറിയിൽ വച്ച് ജന്മം നല്‍കുന്നത്. എന്നാൽ പ്രസവ ശേഷം രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കണ്ടെടുത്തതിന് പിന്നാലെ പോലീസ് പരിശോധന നടത്തിയപ്പോൾ ഒരു ഭാവ ദേദവും ഇല്ലാതെയാണ് രേഷ്മ എല്ലാവരോടും ഇടപഴകിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഷ്മ താനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കുറ്റം സമ്മതിക്കുന്നത്.
രേഷ്മ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്‍റെ സഹോദരന്‍റെ ഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതും കൂടി ചേര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്മക്ക് ഒരു യഥാര്‍ത്ഥ കാമുകൻ ഉണ്ടായിരുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. രേഷ്മയെ കളിപ്പിക്കുന്നതിന് വേണ്ടി കാമുകന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ബന്ധം സ്ഥാപിച്ചതും കുട്ടി ഉണ്ടായാല്‍ സ്വീകരിക്കില്ലെന്നും മറ്റും പറഞ്ഞതും ആര്യയും ഗ്രീഷ്മയും ആണെന്ന് തുടരന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.
നരഹത്യ കുറ്റം, ജുവൈനയിൽ നിയമപ്രകാരം കുട്ടികളോടുള്ള അതിക്രമം,തെളിവ് നശിപ്പിക്കൽ,നവജാത ശിശുവിനെ ഉപേക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രേഷ്മക്കെതിരെ കേസ് എടുത്തിരുന്നത്. പാരപ്പള്ളി എസ് ഐ മാരായ എൻ അനീസ, ജി. ജയിംസ്, ഇൻസ്പെക്ടർമാരായ എസ് രൂപേഷ് രാജ്, സതികുമാർ , അൽ ജബർ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.