‘മഞ്ഞുമ്മല്‍ ബോയ്സിനെ’ മർദ്ദിച്ച പോലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം

മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ യഥാർഥ സംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം. 2006-ൽ കൊടൈക്കനാലില്‍ വിനോദ സഞ്ചാരികളായി എത്തി അപകടത്തില്‍പ്പെട്ട യഥാര്‍ത്ഥ സംഭവമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ കഥ. നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി

എറണാകുളം മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാൽ സന്ദർശിക്കാൻ പോയ സംഘത്തിലെ സുഭാഷ് ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിൽ വീഴുകയായിരുന്നു. അങ്കലാപ്പിലായ ചെറുപ്പക്കാർ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽച്ചെന്ന് സഹായമഭ്യർഥിച്ചു. സിനിമയിൽ പിന്നീട് കാണുന്ന രംഗം പോലീസുകാർ ഇവരെ ക്രൂരമായി മർദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായിരുന്നു. എന്നാൽ, സിനിമയിലുള്ളതിനെക്കാൾ ക്രൂരമായ പീഡനത്തിന് തങ്ങൾ ഇരയായിട്ടുണ്ടെന്ന് ഈ യുവാക്കൾ തന്നോട് പറഞ്ഞതായി ഹർജിക്കാരനായ ഷിജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിൽ യഥാർത്ഥത്തിൽ നടന്നതില്‍ കുറച്ച് കാര്യങ്ങൾ മാത്രമാണ് കാണിച്ചതെന്നും എല്ലാം കഴിഞ്ഞ് തിരികെ വരുമ്പോൾ പോലീസ് കൈക്കൂലി വാങ്ങിയിരുന്നെന്നും യഥാർഥ മഞ്ഞുമ്മൽ ബോയ്‌സ് പിന്നീട് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു