ചാനലുകളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്തു നടപടികള്‍ സ്വീകരിച്ചെന്ന് സുപ്രീംകോടതി ആരാഞ്ഞു. മൂന്നാഴ്ചയ്ക്കകം നടപടികള്‍ സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ചാനലുകളിലെ വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതിനെപ്പറ്റി ചിന്തിക്കണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അസംതൃപ്തി രേഖപ്പെടുത്തിയ കോടതി, കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും വ്യക്തമാക്കി. സമയാസമയങ്ങളില്‍ ചാനലുകള്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ കോടതിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയെങ്കിലും ഇതുപോരെന്ന നിലപാടിലാണ് കോടതി. നിയന്ത്രണങ്ങള്‍ സംബ ന്ധിച്ച പ്രത്യേക സത്യവാങ്മൂലം നല്‍കണമന്നും കോടതി നിര്‍ദ്ദേശിച്ചു. തബ്‌ലീഗ് ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ചാനലുകളില്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ സംബന്ധിച്ചായിരുന്നു കോടതിയിടപെടല്‍. ജാമിയത്ത് ഉലമ ഇ ഹിന്ദ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു പരാമര്‍ശം.
പ്രോഗ്രാം കോഡിന് വിരുദ്ധമായ വാര്‍ത്തകളും പരിപാടികളും സംപ്രേക്ഷണം നടത്തിയാല്‍ ചാനലിനെ നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ധരിപ്പിച്ചു. ചാനലുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സ്വകാര്യ ഏജന്‍സിയായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേഡ്‌സ് അതോറിറ്റിയെ നടപടി സംബന്ധിച്ച കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.