ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തിന് പിന്നാലെ കോൺഗ്രസ് നേതാവും എഐസിസി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും തൃശൂരിൽ എത്തുന്നു. ഫെബ്രുവരി മൂന്നിനാണ് തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് ഖാർഗെ എത്തുക. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തിനാണ് ഖാർഗെ എത്തുന്നത്. പൊതുസമ്മേളനത്തിൽ സംസ്ഥാനത്തെ 25177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെ കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.
ഭാരവാഹികളുമായി മല്ലികാർജുൻ ഖാർഗെ നേരിട്ട് സംവാദം നടത്തും. രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിൽ പൊതുസമ്മേളനം വിളിച്ചതെന്ന് കെപിസിസി മാധ്യമങ്ങളോട് പറഞ്ഞു.