ഏഴ് വയസുകാരന്റെ മരണത്തിൽ വില്ലനായത് ചൈനീസ് മഞ്ച

ഭോപ്പാൽ: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മരിച്ച ഏഴു വയസ്സുകാരന്റെ മരണത്തിൽ വില്ലനായത് ചൈനീസ് മഞ്ച. മധ്യപ്രദേശിലെ ധാർ നഗരത്തിൽ ആണ് പിതാവിനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ പട്ടച്ചരട് കുരുങ്ങിയത്. അപ്രതീക്ഷിതമായി പട്ടത്തിന്‍റെ ചരട് കുട്ടിയുടെ കഴുത്തിൽ കുരുങ്ങി മുറിവേൽക്കുകയായിരുന്നു. പരിക്കേറ്റ മകനെ വിനോദ് ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം സാരമായി പരിക്കേറ്റ കുട്ടിയെ വിശദമായ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ഡോക്ട‌‍ർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കർശന നടപടിയെടുക്കുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു

പട്ടം പറത്താൻ ഉപയോഗിക്കുന്ന ‘ചൈനീസ് മഞ്ച’യെന്ന മൂർച്ചയേറിയ നൂലാണ് അപകടത്തിന് കാരണമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. കുട്ടിയുടെ മരണത്തിൽ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ സ്ഥലത്ത് ചൈനീസ് മഞ്ച വില്‍ക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഇത് കൈവശം വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് രവീന്ദ്ര വാസ്‌കെൽ പറഞ്ഞു

പട്ടം പറത്താനായി ഉപയോഗിക്കുന്ന ഗ്ലാസ് പൂശിയ സിന്തറ്റിക് ചരടാണ് ചൈനീസ് മാഞ്ചയെന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ് . മോണോ ഫിലമെന്റ് ഫിഷിംഗ് ലൈനുകള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മാണം. മനുഷ്യജീവനും പക്ഷികള്‍ക്കും ആപത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017ലാണ് ഇത് രാജ്യത്ത് നിരോധിച്ചത്