മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണ് അവസാനിച്ചെങ്കിലും അടുത്ത സീസണ് തൊട്ടടുത്തുണ്ട്. അഞ്ച് മാസത്തെ ഇടവേള മാത്രമാണ് മുന്പിലുള്ളത്. അടുത്ത സീസണിന് മുന്‍പ് മെഗാ താര ലേലം നടക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ചെന്നൈ ഒഴിവാക്കാന്‍ സാധ്യതയുള്ള കളിക്കാരെ പ്രവചിക്കുകയാണ് ആകാശ് ചോപ്ര.
ഷെയ്ന് വാട്സന് വിട പറഞ്ഞു കഴിഞ്ഞു. ഇമ്രാന് താഹീറും പോവും എന്നാണ് എന്റെ അഭിപ്രായം. കേദാര്‍ ജാദവിനോടും ചെന്നൈ ഗുഡ്ബൈ പറയണം. മുരളി വിജയിയെ ടീമില്‍ നിലനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചാല്‍ അത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും ആകാഷ് ചോപ്ര പറഞ്ഞു.
ചെന്നൈയിലെ പല താരങ്ങളേയും ഇനി ഒരുപക്ഷേ ക്രിക്കറ്റില്‍ തന്നെ നമുക്ക് കാണാനായേക്കില്ല. അതല്ലെങ്കില്‍ ചെന്നൈ കുപ്പായത്തില്‍ അവരെ കാണില്ല. പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പീയുഷ് ചൗളയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ചൗളയെ ചെന്നൈ ഒഴിവാക്കിയേക്കും.
ചെന്നൈയില്‍ മോനു സിങ്ങിനെ വീണ്ടും കാണാനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. വലിയ വെട്ടി നിരത്തലുകളുടെ ആവശ്യമുണ്ട് ഈ ടീമിനെന്നും ആകാശ് ചോപ്ര പറഞ്ഞു.
6.75 കോടി രൂപയ്ക്കാണ് പീയുഷ് ചൗളയെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. എന്നാല്‍ ഏഴ് കളിയില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് ചൗളയ്ക്ക് നേടാനായത്. ക്യാപ്റ്റന്‍സിയില്‍ നിന്ന് പിന്മാറാന് ധോനി തീരുമാനിച്ചാല്‍ താര ലേലത്തില്‍ ചെന്നൈക്ക് നായകനേയും തിരയേണ്ടി വരും.