ഇത് സഞ്ചരിക്കുന്ന മന്ത്രിസഭ.. വിവാദ ബസിന്റെ പ്രത്യേകതകൾ ഇതൊക്കെ

കാസര്‍ഗോഡ്: നവകേരള സദസിന് ആവേശോജ്ജ്വല തുടക്കം കുറിക്കുമ്പോൾ മുഖ്യമന്ത്രിക്കും മ​റ്റ് മന്ത്രിമാർക്കും യാത്ര ചെയ്യുന്നതിനായി നിർമ്മിച്ച ഒരു കോടിയിലധികം വില വരുന്ന ആഡംബര ബസ് ആണ് തരംഗമാകുന്നത്. വലിയ വിവാദമാണ് ബസിനെ ചൊല്ലി കേരളം ഒന്നടങ്കം ഉയരുന്നത്. ആകെ 1,05,20000 രൂപ ചെലവഴിച്ചാണ് ഭാരത് ബെൻസ് ആഡംബര ബസ് തയ്യാറാക്കിയത്.

പുത്തൻ ബസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക ക്യാബിനറ്റ് ഉണ്ടാകും. അടിയന്തര യോഗങ്ങൾ കൂടുന്നതിനായി റൗണ്ട് ടേബിൾ മുറിയൊരുക്കും. യാത്രക്കാർക്ക് ആവശ്യത്തിനായുളള ലഘുഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മിനി കിച്ചൺ സൗകര്യം ഉണ്ടാകും. കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുളള ശുചിമുറിയും ഉണ്ട്.
25 പേർക്ക് ഒരേസമയം സഞ്ചരിക്കാം

കർണാടകയിൽ 35 ലക്ഷം രൂപ ചെലവഴിച്ചാണ് ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത് അടുത്ത മാസം 24 ന് പര്യടനം കഴിഞ്ഞ ശേഷം ബസ് കെഎസ്ആർടിസിക്ക് നൽകുമെന്നാണ് വിവരം. സ്വിഫ്റ്റിലെ ജീവനക്കാരുടെ ഡെപ്പോസിറ്റ് തുക ഉപയോഗിച്ച് വാങ്ങിയ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തി ഉപയോഗിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പുതിയ ബസാക്കാമെന്ന് തീരുമാനം മാറ്റുകയായിരുന്നു. ശക്തമായ വിവാദങ്ങളാണ് ബസിനെച്ചൊല്ലി ഉയരുന്നത്. അതേസമയം ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷങ്ങൾ കാണാൻ വരുമെന്നും ടെൻഡർ വിളിച്ച് വിറ്റാൽ ഇരട്ടി വില കിട്ടുമെന്നും സിപിഎം നേതാവ് എ.കെ ബാലൻ വ്യക്തമാക്കി