ഏഷ്യൻ ഗെയിംസ്: ആര്‍ച്ചറിയില്‍ പുരുഷന്‍മാര്‍ക്കും സ്വര്‍ണം, സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനം ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. വിയറ്റ്‌നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം നേടിയത്.അതേസമയം ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്തി. സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഫൈനലില്‍ കടന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു.ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ബജ്റംഗ് പുനിയ ക്വാര്‍ട്ടറിലെത്തി. ഫിലിപ്പീന്‍സ് താരം റോണില്‍ ടുബോഗിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.കബഡിയില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തി. സെമിയില്‍ നേപ്പാളിനെ 61-17 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കുതിപ്പ്.കനോയിങ്ങില്‍ പുരുഷന്‍മാരുടെ സി1 വിഭാഗത്തില്‍ വിശാല്‍ കെവാത്തും വനിതകളുടെ കെ1 വിഭാഗത്തില്‍ ശിഖ ചൗഹാനും ഫൈനലിലെത്തി

പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ വെള്ളിയാഴ്ച ജപ്പാനെ നേരിടും. ഇക്കുറി കലാശക്കളിക്കിറങ്ങുമ്പോള്‍ സ്വര്‍ണവും ഒളിമ്പിക്‌സ് യോഗ്യതയുമാണ് ഇന്ത്യയുടെ ലക്ഷ്യം.

അതേസമയം ഇത്തവണ 100 മെഡലുകള്‍ എന്ന സ്വപ്ന നേട്ടത്തിലേക്കാണ് ഇന്ത്യയുടെ പ്രയാണം. ഗെയിംസ് അവസാനിക്കാന്‍ മൂന്നുനാള്‍കൂടി ശേഷിക്കെ ഇന്ത്യയുടെ സമ്പാദ്യം 87 മെഡലായി. 21 സ്വര്‍ണവും 32 വെള്ളിയും 34 വെങ്കലവും. 20 സ്വര്‍ണമെന്ന നാഴികക്കല്ല് കടക്കുന്നതും ആദ്യം.