പഫർഫിഷ് പാചകം പിഴച്ചു; 83കാരിക്ക് ദാരുണാന്ത്യം, ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ

വലിയ വിലകൊടുത്താണ് പലരും പഫർഫിഷുകൾ കഴിക്കാൻ വാങ്ങാറുള്ളത്. അങ്ങനെ പഫർഫിഷ് വാങ്ങി കറിവച്ചു ഭക്ഷിച്ച 83കാരി ലിം സ്യൂ ഗുവാൻ മരണപ്പെട്ടു. ഇതു ഭക്ഷിച്ച 84കാരനായ ഇവരുടെ ഭർത്താവും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇദ്ദേഹവും അപകടനില തരണം ചെയ്തിട്ടില്ല. മലേഷ്യയിലെ ജോഹറിലാണ് സംഭവം. മാർച്ച് 25 നാണ് ഇവർ ഓൺലൈനായി പഫർമത്സ്യം വാങ്ങിയത്. പിന്നീട് ഇത് വൃത്തിയാക്കിയ ശേഷം പാകം ചെയ്തു ഉച്ച ഭക്ഷണത്തോടൊപ്പം കഴിച്ചു. മൂന്നുമണിയോടെ വീട്ടമ്മ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങി. ശ്വാസംമുട്ടലും വിറയലും അനുഭവപ്പെട്ടതിനെ തുടർന്നാണ് മകനെത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂർ കഴിഞ്ഞതോടെ ഇവരുടെ ഭർത്താവും സമാന ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം 7 മണിയോടെ വീട്ടമ്മ മരിച്ചു. പഫർ മത്സ്യത്തിന്റെ ശരീരത്തിലുള്ള വിഷമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സയനൈഡിനേക്കാൾ 1200 മടങ്ങ് വിഷമുണ്ട് ഇവയ്ക്ക്. ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ടെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ പാചകം പിഴച്ചാൽ മരണം ഉറപ്പാണ്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. മലേഷ്യയിൽ പഫർ മത്സ്യങ്ങളുടെ വിൽപന ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. അനധികൃത വിൽപനയിലൂടെയാകാം മത്സ്യം വൃദ്ധ ദമ്പതികൾ വാങ്ങിയത്.