രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു; അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 13.89 % ആണ് പോസിറ്റിവിറ്റി നിരക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്ന യോഗം നടക്കും. നിലവിൽ 300 പുതിയ കൊവിഡ് കേസുകൾ കൂടി വന്നതോടെ ഡൽഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,09,361 ആയി.