സമ്പദ്‌വ്യവസ്ഥ തീർത്തും തകർച്ച നേരിടുന്ന രാജ്യമായ പാക്കിസ്ഥാനിൽ ഇന്ധനവില ക്രമാനുഗതമായി ഉയരുകയാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 6.5 ബില്യൺ ഡോളറിന്റെ വായ്‍പാ പാക്കേജിനായി പാകിസ്ഥാൻ ശ്രമിക്കുകയാണ്. ഇതുകാരണം അടുത്തിടെ നികുതികളും ഇന്ധന വിലയും വർദ്ധിച്ചു.
അതുകൊണ്ടു തന്നെ താഴ്ന്ന വരുമാനക്കാർക്ക് ഓരോ ലിറ്റർ പെട്രോളിനും സബ്‌സിഡി നൽകാൻ സർക്കാര്‍ പെട്രോളിയം ദുരിതാശ്വാസ പാക്കേജ്’ പ്രഖ്യാപിച്ചു. ഇതനുസരിച്ച് പാവപ്പെട്ടവർക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ലിറ്ററിന് 50 രൂപ സബ്‌സിഡി നൽകും. ഇരുചക്രവാഹനങ്ങൾ, റിക്ഷകൾ, 800 സിസി വരെയുള്ള കാറുകൾ എന്നിവയ്ക്കുള്ള സബ്‌സിഡി ലീറ്ററിന് 100 രൂപയായി ഇരട്ടിയാക്കാനും തീരുമാനം ഉണ്ട്. മോട്ടോർ സൈക്കിളുകൾ, റിക്ഷകൾ, 800 സിസി കാറുകൾ, അല്ലെങ്കിൽ മറ്റ് ചെറുകാറുകൾ എന്നിവയുള്ള താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുമെന്നും ഡോൺ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇതാദ്യമായല്ല പാകിസ്ഥാൻ സർക്കാർ ഈ തന്ത്രം നടപ്പാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഗ്യാസ് താരിഫിലും സമാനമായ സംവിധാനം പ്രയോഗിച്ചിരുന്നു. എന്നാല്‍ ഈ സബ്‌സിഡികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഐഎംഎഫുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധനവിലയിൽ ഇനിയും വർധനവുണ്ടാകുമെന്നും ഇപ്പോൾ സംസാരമുണ്ട്.