മാധ്യമ വ്യവസായിയും 92 വയസ്സുകാരനുമായ റൂപർട് മർഡോക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. അറുപത്തിയാറുകാരി ആൻ ലെസ്ലി സ്മിത്താണു വധു. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മുൻ പൊലീസ് ചാപ്ലിനാണ് ആൻ.
കഴിഞ്ഞ വർഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക് വേർപിരിഞ്ഞത്. എയർഹോസ്റ്റസായിരുന്ന പ്രട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966 ൽ ഇരുവരും പിരിഞ്ഞു. ഇതിൽ ഒരു മകളുണ്ട്. പിന്നീട് സ്കോട്ടിഷ് പത്രപ്രവർത്തക അന്ന മാനെ വിവാഹം ചെയ്തു. 1999 ൽ പിരിഞ്ഞു. ഇതിൽ 3 മക്കളുണ്ട്. ബിസിനസ് രംഗത്തുള്ള വെൻഡി ഡാങ്ങാണ് മൂന്നാം ഭാര്യ. 2014 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ 2 കുട്ടികളുണ്ട്. ഫോക്സ് ന്യൂസ് ചാനലും വാൾസ്ട്രീറ്റ് ജേണലുമുൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോർപറേഷന്റെ ചെയർമാനാണ് മർഡോക്.
റൂപര്‍ട് മര്‍ഡോകും ആന്‍ ലെസ്ലി സ്മിത്തും വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പ്രതികരിച്ചു. താന്‍ വളരെ പരിഭ്രാന്തനായിരുന്നുവെന്നും പ്രണയിക്കാന്‍ ഭയപ്പെട്ടിരുന്നതായും എന്നാല്‍ ഇത് തന്റെ അവസാനത്തെ വിവാഹമായിരിക്കുമെന്നും റൂപര്‍ട് മര്‍ഡോക് പറഞ്ഞു. കൂടാതെ താന്‍ അതീവ സന്തോഷവാനാണെന്നും ജീവിതത്തിന്റെ രണ്ടാം ഭാഗം ഒരുമിച്ച് ചെലവഴിക്കാന്‍ തങ്ങളിരുവരും കാത്തിരിക്കുകയാണെന്നും മര്‍ഡോക് കൂട്ടിച്ചേര്‍ത്തു.