ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിൽ അവളെ ശാക്തീകരിക്കുന്നതിന്റെ അവൾ വിദ്യാഭ്യാസം ആർജിക്കുന്നതിന്റെ പ്രാധാന്യമെടുത്ത് പറയുന്ന ദിനം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച്, ലിംഗസമത്വവും ഉറപ്പാക്കുക എന്നതിനൊപ്പം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യു.എസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും, തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്ന കാലമായിരുന്നു അത്. 1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി ഒരു ദശലക്ഷത്തിലധികം ആളുകൾ അന്ന് അണിനിരന്നു. അതിനു ശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അർത്ഥവും വ്യാപ്തിയും കൂടുതൽ വർദ്ധിച്ചു. പെൺകരുത്തിന്റെ കാഹളം മുഴങ്ങാൻ വരാനിരിക്കുന്ന നാളുകൾ അവളുടെത് കൂടിയായി മാറട്ടെ.