പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകി; ഫ്ലോറിഡയിൽ യുവാവ് മരിച്ചു

ഫ്ലോറിഡയിൽ പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകിയ യുവാവ് മരിച്ചു. ഫ്ലോറിഡയുടെ ആരോഗ്യ വിഭാഗം ജനങ്ങളോട് പൈപ്പ് വെള്ളത്തിൽ മുഖം കഴുകരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബയായ നെയ്‌ഗ്ലേരിയ ഫൗളേരി ബാധിച്ചാണ് യുവാവ് മരിച്ചതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ വിഭാഗംത്തിന്റെ ഉത്തരവ്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന അമീബ പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. ഈ ജീവി പിന്നീട് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നു, ഇത് പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന ഹാനികരമായ അണുബാധയ്ക്ക് കാരണമാകുന്നു. അണുബാധ മാരകമാണ്. ഈ അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ തലവേദന, പനി, ഓക്കാനം, ഛർദ്ദി, ബാലൻസ് നഷ്ടപ്പെടൽ തുടങ്ങിയവയാണ്. ബാധ ഗുരുതരമാണെങ്കിൽ, മാനസികാവസ്ഥയിലെ മാറ്റം, ഭ്രമാത്മകത, കോമ എന്നിവയിലേക്ക് നയിച്ചേക്കാം. രോഗം ബാധിച്ചവരിൽ 97 ശതമാനവും മരണമടഞ്ഞതായും 1962 മുതൽ 2021 വരെ യുഎസിൽ 154 പേരിൽ നാല് രോഗികൾ മാത്രമാണ് രോഗബാധയെ അതിജീവിച്ചിട്ടുള്ളതെന്നും കണക്കുകൾ പറയുന്നു. പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകുന്നത് പ്രദേശവാസികൾ ഒഴിവാക്കണമെന്നും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ വെള്ളം തിളപ്പിച്ച് ഉപയോഗിക്കാനും ആരോഗ്യ വൃത്തങ്ങൾ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.